News

Najla P V (BA Sociology 2014 – 15 Batch) Shares her Nostalgic Feelings about Farook College

ഫാറൂഖാബാദിലെ ഞാന്‍

Fostalgia 2017 - Sostagia 2017കുരുത്തക്കേടുകളുടെ കറുത്ത അദ്ധ്യായങ്ങളോ സ്വര്‍ണ ലിപികളില്‍ കൊത്തി വെക്കപ്പെടേണ്ട നേട്ടങ്ങളോ ഇല്ലാതെ ഒരു ശരാശരി വിദ്യാര്‍ത്ഥിയായി ജീവിച്ച കഴിഞ്ഞ 3 വര്‍ഷങ്ങളെക്കുറിച്ച് , എന്റെ ഫാറൂഖാബാദിനെക്കുറിച്ച് , ഫാറൂഖാബാദിലെ എന്നെക്കുറിച്ച് ......

സോഷ്യോളജി
ഇതൊന്നു മാത്രമാണ് എന്നെ ഫാറൂഖ് കോളേജില്‍ എത്തിച്ചത്. സഹോദരി ഇവിടെ കെമിസ്‌ട്രിയില്‍ പഠിച്ചിരുന്നു എന്നതൊഴിച്ചാല്‍ എനിക്കിവിടം അപരിചിതം. പക്ഷെ വന്ന് പെട്ടതൊരു സ്വര്‍ഗത്തിലാണെന്നതിന് കാലം സാക്ഷി ......

ഡിപ്പാര്‍ട്ടുമെന്റ്
MLA ആയ HoD ആബിദ് സാറും, പുഞ്ചിരി കൊണ്ടു ഹൃദയം കീഴടക്കിയ ഏറ്റവും പ്രിയപ്പെട്ട ബദരിയ മിസ്സും, സൈക്കോളജിയോടു പ്രണയം തോന്നിപ്പിച്ച ഞങ്ങള്‍ക്ക് ബഹുമാനവും പേടിയും കടപ്പാടുമുള്ള നിഷ മിസ്സും ,കൂട്ടുകൂടി ഞങ്ങളിലൊരാളായി മുന്നോട്ടു വഴി തെളിച്ച ജിഷ്ണു സാറും ഷരീഫ് സാറും, പിന്നെ ഗസ്റ്റ് ലക്ച്ചറേര്‍സ് ആയി മിന്നിമറഞ്ഞ കുറേ മുഖങ്ങളും....അങ്ങനെ സംഭവബഹുലമായിരുന്നു സോഷ്യോ-ഫറൂഖ്...

കോളേജിടങ്ങള്‍
അല്‍ അസ്ഹര്‍ പള്ളിയിലെ ശാന്തതയും സമാധാനവും പിന്നെ സുഖമുള്ള കാറ്റും നേരം പോണതറിയിച്ചില്ല. ഇഷ്ടത്തോടെയും അല്ലാതെയും ലൈബ്രറിയില്‍ ചിലവിട്ട മണിക്കൂറുകള്‍. ലഞ്ച് ബോക്സിന് പുറത്തേക്ക് നീളുന്ന വിശപ്പില്‍ നേരെ കോളേജ് കാന്റീനിലേക്കും വിരളമായി പുറത്തെ കടകളിലേക്കും നീട്ടി നടന്നത്. AVT യിലെ AC തണുപ്പും സെമിനാര്‍ ഹാളിലെ ഒറ്റക്കയ്യന്‍ കസേരകളിലെ പേരെഴുത്തുകളും കുത്തിവരകളും. IC യിലെ കറങ്ങുന്ന കസേരയും ഓപണ്‍ എയറിലെയും ഓഡിറ്റോറിയത്തിലെയും കയ്യടികളും കൂവിവിളികളും. കാസ്ള് റൂമിലെ ചര്‍ച്ചകളും പ്രസന്റേഷനുകളും. പിന്നെ പുഞ്ചിരി വളവും സ്വയംവരപന്തലും അങ്ങനെ ന്യൂ ബ്ളോക്ക് ഞങ്ങടെ തലയിലാണ് നില്‍ക്കുന്നതെന്നൊരു അഹങ്കാരം വരെ....

ഡേ സ്കോളര്‍
ഡേ സ്കോളേര്‍സിന് എന്നും പറയാനുണ്ടാകും ബസ്സ് യാത്രയിലെ ദുരിതങ്ങള്‍. 3 വര്‍ഷത്തിലെ ചുരുക്കം ചില ദിവസങ്ങളൊഴിച്ചാല്‍ സ്ഥിരം യാത്ര pkp യിലും kt യിലും ആയിരുന്നു. ആദ്യമെല്ലാം hasna ക്ക് വേണ്ടി ഓടിയിരുന്നത് പിന്നീട് ഫിറോസ്ക്കാന്റെ കോളേജ് ബസ്സിലെ dj പാട്ട് കേള്‍ക്കാനും ഡോറില്‍ നിന്ന് കാറ്റു കൊള്ളാനുമായി. ബസ്സുകാരുടെ ചീത്തവിളിയും പുറംകാഴ്ചകളും സ്ഥിരം സഹയാത്രികരെ നിരീക്ഷിക്കലും ഞങ്ങടെ കുസൃതികളും ഓരോ യാത്രകളും പുതിയ അനുഭവങ്ങളാക്കി...

ഫാറൂഖിയനെന്ന വികാരം
ഇപ്പറഞ്ഞ സാധനം ഞാനാദ്യം അറിയുന്നത് സോഷ്യോളജി കോണ്‍ഫറന്‍സിലാണ്. പിന്നെ കോളേജ് ഗ്രൗണ്ടിലെ തീപാറും പോരാട്ടങ്ങളിലും ഇന്റര്‍സോണ്‍ വേദികളിലും ആവേശക്കമ്മിറ്റിയില്‍ ഫറൂഖിന് ജയ് വിളിച്ചതും ഒരിക്കല്‍ ലിംഗവിവേചനത്തിന്റെ പേരില്‍ ഫാറൂഖിനെ കടിച്ചു കീറാന്‍ വന്നവരെ നെഞ്ചുവിരിച്ചു നിന്നു നേരിട്ട ആ പടക്കളത്തിലൊരു അണിയായപ്പോഴും....

പച്ചപ്പും ഹരിതാഭയും
msf കണ്ടതിലും കേട്ടതിലും അപ്പുറം ഒരണിയായി പ്രവര്‍ത്തിച്ച സന്തോഷവും സംതൃപ്തിയും. കണ്‍വെന്‍ഷനും ഇലക്ഷനും വിക്ടറി ഡേയും യൂണിറ്റ് കോണ്‍ഫറന്‍സും പ്രകടനങ്ങളും ഒടുവില്‍ ഒരു കിടിലന്‍ സമരവും അങ്ങനെ സിരകളില്‍ പച്ച പടര്‍ന്നൊഴുകിയ  നിമിഷങ്ങള്‍......

ഡിപ്പാര്‍ട്ടുമെന്റില്‍
ചില മാസങ്ങളിലെ 100% അറ്റന്റന്‍സിന്റെ അഹങ്കാരം. മോശമില്ലാത്ത ഇന്റേണല്‍ മാര്‍ക്കും sem റിസള്‍ട്ടും. കോണ്‍ഫറന്‍സില്‍ ആളാവാന്‍ വേണ്ടിയുള്ള പേപര്‍ പ്രസന്റേഷന്‍, ഇങ്ങനെ ഉണ്ടായൊരു പടിപ്പി ഇമേജ്. എനിക്കേറ്റവും ഇഷ്ടം ആ പച്ചബോര്‍ഡും (open forum) തൂക്കി നടക്ക്ണ പണിയായിരുന്നു. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും വിവാദങ്ങളും ഒരിക്കലെന്നെ കരയിച്ചും അതെന്റെ മനസ്സില്‍ അള്ളിപ്പിടിച്ചിരുന്നു. കാലം അതിനെ മറ്റാരുടെയോ കയ്യില്‍ ഏല്‍പ്പിച്ചപ്പോള്‍ നെഞ്ചില്‍ മൊട്ടുസൂചി കുത്തി നിറുത്തിയ ഓര്‍മകള്‍ മാത്രം ബാക്കിയായി....

Walk With a Scholar (WWS)
+2വിലെ NSS നോടുള്ള മുഹബ്ബത്ത് പക്ഷെ ഇവിടെ പല കാരണങ്ങള്‍ കൊണ്ടും ഇല്ലാതായി, അതിലൊരിക്കലും ഖേദം തോന്നിയിട്ടില്ല. മറ്റൊന്നിലുമില്ലാതെ ഒതുങ്ങിക്കൂടിയ എനിക്ക് പുതിയ ഒരനുഭവം തന്നത് WWS മാത്രമായിരുന്നു. ആത്മാര്‍ത്ഥതയുടെ ആള്‍രൂപമായ കിഷോര്‍ സാറിന്റെ cream in cream of Farook College . പ്രിയപ്പെട്ട ഷംലി മിസ്സും സത്താര്‍ സാറും എല്ലാ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും പുതിയ സുഹൃത്തുക്കള്‍ വൈവിദ്യമാര്‍ന്ന ക്ലാസുകളും യാത്രകളും തുടങ്ങി wws നോട് പ്രണയം തോന്നാന്‍ കാരണങ്ങള്‍ ഒരുപാടുണ്ടായിരുന്നു .....

ജയവും തോല്‍വിയും
മറ്റെല്ലാം മറന്ന് പച്ചയും ചുവപ്പും നീലയും കളം നിറഞ്ഞാടിയ ഇലക്ഷനുകള്‍. ഉളളില്‍ ഒരുപാട് ആശങ്കകളും ചോദ്യങ്ങളും അവശേഷിപ്പിച്ച് ഞാനേറ്റു വാങ്ങിയ രണ്ടു തോല്‍വികള്‍, ഒന്ന് കോളേജ് ഇലക്ഷനിലും മറ്റൊന്ന് ഡിപ്പാര്‍ട്ടുമെന്റ് അസോസിയേഷന്‍ ഇലക്ഷനിലും. ലൊയോള കോളേജില്‍ വച്ച് സോഷ്യോഫറൂഖിനെ ബെസ്റ്റ് ഡിപ്പാര്‍ട്ടുമെന്റായി പ്രഖ്യാപിച്ച് മുന്‍വര്‍ഷം കൈവിട്ടു പോയ ട്രോഫി തിരിച്ചു പിടിച്ചപ്പോള്‍ അതിലൊരംഗമായതിലെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം. ഡിഗ്രീ കഴിയാറായപ്പോഴേക്കും എഴുതിത്തുടങ്ങിയ പി.ജി എന്‍ട്രന്‍സ് പരീക്ഷകളിലെ വിജയങ്ങള്‍ വഴിത്തിരിവാവുകയായിരുന്നു ......

സൗഹൃദങ്ങള്‍
സ്കൂളില്‍ കൂടെപ്പഠിച്ച ഒരേയൊരു സുഹൃത്തിനപ്പുറം ക്ളാസിലെ ബാക്കി 60 പേരിലേക്കും, പതിയെ ഞങ്ങളെ മുന്നോട്ടു നയിച്ച കുറേ നല്ല സീനിയേര്‍സിലേക്കും, WWS ലൂടെ മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലേക്കും msf ലൂടെ സഹപ്രവര്‍ത്തകരിലേക്കും നിത്യഹരിത നേതാക്കളിലേക്കും, ന്യൂ ബ്ളോക്കിന്റെ രണ്ടറ്റങ്ങള്‍ക്കിടയിലെ നീളന്‍ വരാന്തയിലെവിടെയൊക്കെയോ വച്ച് കണ്ടുമുട്ടിയ പി.ജി ക്കാരിലേക്കും, എന്റെ പേരിനു കൂടെ ഇത്താന്ന് ചേര്‍ത്തു വിളിക്കണ കുറച്ചു ജൂനിയര്‍ മക്കളിലേക്കും സൗഹൃദങ്ങള്‍ പടര്‍ന്നു പന്തലിച്ചിരുന്നു. അവിചാരിതമായി കൂട്ടുകൂടിയവര്‍ പിന്നെയും ഒരുപാട് ....

യാത്രകള്‍
കോഴിക്കോടിനെ ഒരുപാട് കണ്ടറിയാനുണ്ടെന്നു തോന്നിച്ച wws കോഴിക്കോട് യാത്ര. വേറിട്ടൊരു അനുഭവമായിരുന്ന wws കൊച്ചി യാത്ര. സോഷ്യോളജി കോണ്‍ഫറന്‍സിന് തൃശ്ശൂര്‍ കാര്‍മല്‍ കോളേജിലേക്കും തിരുവനന്തപുരം ലൊയോള കോളേജിലേക്കും ട്രെയിന്‍ യാത്രകളും, വയനാട് മുത്തങ്ങയിലേക്ക് ആന്ത്രപ്പോളജി ട്രൈബല്‍ വിസിറ്റ്. TISS ന്റെ ഇന്റര്‍വ്യൂവിന് ഞങ്ങള്‍ 3 സുഹൃത്തക്കളുടെ മുംബൈ യാത്ര, എക്സാമിന് ഒരു ഡല്‍ഹി യാത്ര, ബസ്സിലും ട്രെയിനിലുമായി 4 തവണ തിരൂര്‍ മലയാളം സര്‍വകലാശാലയിലേക്ക്. പിന്നെ ബിരിയാണി തിന്നാന്‍ പോയ കല്ല്യാണ യാത്രകളും .....

പടിയിറക്കം
ഗുല്‍മോഹറും പേരറിയാത്ത ആ മഞ്ഞപ്പൂക്കളും പ്രണയം ചൊരിയുന്ന ഫറൂഖിനെ വിട്ട് രാജാഗേറ്റ് കടക്കുകയാണ്. ബാധ്യതകളെല്ലാം തീര്‍ത്ത് 3 വര്‍ഷത്തോളം കഴുത്തിലണിഞ്ഞ ടാഗെന്ന അലങ്കാരത്തിന്റെ അഹങ്കാരം തിരികെ കൊടുത്ത് തിരിഞ്ഞു നോക്കാതെ നടന്നു. വിട പറയുന്ന സൗഹൃദങ്ങളുടെ അലയൊലികളാണ് ഗുല്‍മോഹറിന് നിറം പകര്‍ന്നതെന്നു തോന്നി.....

ക്ഷമിക്കുക
ഒന്നും പൂര്‍ണമല്ലെന്ന ബോധ്യമുണ്ട്‌, ഒന്നും അവസാനിച്ചിട്ടുമില്ല. ആവര്‍ത്തന വിരസത തോന്നിയെങ്കിലത് ഓര്‍മകളുടെ പേമാരിയിലെ താളം തെറ്റിയ കുത്തൊഴുക്കാലാണ്. പ്രിയപ്പെട്ട തൂലികയോടു പോലും പങ്കുവെക്കാത്ത ചില അദ്ധ്യായങ്ങള്‍ വരികള്‍ക്കിടയില്‍ വെളിച്ചം കാണാതെ കിടപ്പുണ്ട്, നാളെയീ താളുകള്‍ ചിതലരിച്ചവ നഷ്ടപ്പെടാതിരിക്കാനാണത്. നാളുകള്‍ക്കപ്പുറം വീണ്ടും നിന്റെ വീഥികളിലെത്തുന്പോള്‍ എന്റെ കാലടികള്‍ തിരിച്ചറിയാനാവാത്ത വിധം അവശരായിട്ടുണ്ടാകും ആ മണ്‍തരികള്‍.....

കാലപ്പഴക്കത്തിന്റെ ആഴമേറെ കണ്ട ഓര്‍മകളും അനുഭവങ്ങളും നെഞ്ചിലേറ്റി ഒരിക്കല്‍ കൂടി രാജാഗേറ്റ് കടന്നുവരാനൊരുങ്ങുന്ന എല്ലാ ഫറൂഖിയന്‍സിനും ഈ ന്യൂ ജെന്‍ നൊസ്റ്റാള്‍ജിയ ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, *ഫൊസ്റ്റാള്‍ജിയ 2017*ന് എല്ലാവിധ ആശംസകളും നേരുന്നു......

ന ജ് ല . പി. വി
എം.എ സോഷ്യോളജി ,
യൂ.സിറ്റി ഓഫ് ഹൈദരാബാദ്

(ബി.എ സോഷ്യോളജി,  ഫറൂഖ് കോളേജ്, 2014-2017ബാച്ച്)