News

Dr E.K. Sajith (Assistant Professor, Department of Arabic) Have a Glimpse into the Services offered by Dr A. K. Abdurraheem, HOD, Department of Chemistry Who Retires on 2018 June 30

ഹൃദയം കൊണ്ട് വിദ്യപകർന്ന ഗുരുനാഥൻ -  ഡോ.എ.കെ.അബ്ദുൽ റഹിം സാർ

Dr A K Abdurraheem - HOD - Chemistryജൻമം കൊണ്ടും കർമ്മം കൊണ്ടും തികഞ്ഞ ഫാറൂഖിയൻ എന്ന വിശേഷണത്തിന് അനുയോജ്യരായി അപൂർവ്വം ചില ആളുകളെ മാത്രമേ നമുക്ക് കാണാൻ സാധ്യമാവുകയുള്ളൂ. അവരിൽ പ്രഥമസ്ഥാനീയനാണ് പ്രിയങ്കരനായ റഹീം സാർ, ഫാറൂഖാബാദിന്റെ മൺ തരികൾക്ക് പോലും സുപരിചിതമായ നാമം എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തി കലരില്ല എന്ന് ഉറപ്പുണ്ട്, അത്രമാത്രം ഫാറൂഖാബാദുമായി ഇഴകി ചേർന്ന മനസ്സിന് ഉടമയാണ് AKR എന്ന മൂന്ന് അക്ഷരങ്ങൾ കൊണ്ട് വിദ്യാർത്ഥികൾക്ക് ഇടയിൽ സുപരിചിതനായ പ്രിയ റഹിം സാർ, രാജാ ഗേറ്റ് കടന്നെത്തുന്ന പതിനായിര കണക്കിന് വിദ്യാർത്ഥീ വിദ്യാർത്ഥിനികളുടെ മനസകങ്ങളിൽ നിറമുള്ള  ഓർമകൾ സമ്മനിച്ച ഈ രസതന്ത്ര അദ്ധ്യാപകൻ, രസതന്ത്രവുമായി പുലബന്ധം പോലുമില്ലാത്ത വിദ്യാർത്ഥികൾക്കിടയിൽപോലും സൗഹൃദത്തിന്റെ നറുനിലാവായി ഉദിച്ചു ഉയർന്ന പ്രിയ ഗുരുനാഥൻ, റഹിം സാർ തന്റെ അദ്ധ്യാപന കാലയളവ് പൂർത്തീകരിച്ച് ഫാറൂഖാബാദിൽ നിന്ന് പടി ഇറങ്ങുന്നത് ഓരോ ഫാറൂഖിയനേയും ഏറെ വേദനിപ്പിക്കുന്നു എന്നു പറയാതെ വയ്യ.

പ്രാഥമിക വിദ്യാഭാസത്തിനായി ഫാറൂഖ് കോളേജ് LP സ്കൂളിൽ ചേർന്ന റഹീം സാർ രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും BEd ഉം കരസ്ഥമാക്കി കൊണ്ട് തന്റെ വിദ്യാഭ്യാസത്തിന്റെ ഏറിയ പങ്കും പൂർത്തീകരിച്ചത് ഫാറൂഖാബാദിൽ നിന്നു തന്നെയാണ്. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് രസതന്ത്ര വിഭാഗം പ്രാഫസറായ Dr.കൃഷണൻകുട്ടിയുടെ മേൽനോട്ടത്തിൽ രസതന്ത്രത്തിൽ Ph.D കരസ്ഥമാക്കി. ഫാറൂഖ് കോളേജ് രസതന്ത്ര ഗവേഷണ വിഭാഗത്തിലെ റിസേർച്ച് ഗൈഡായ റഹിം സാറിന് കീഴിൽ ഇന്ന് നിരവധി ഗവേഷക വിദ്യാർത്ഥികൾ ഗവേഷണം നടത്തി കൊണ്ടിരിക്കുന്നു.

കാസർഗോഡ് ഗവ:കോളേജിൽ ഗസ്റ്റ് അദ്ധ്യാപകനായാണ് റഹിം സാർ തന്റെ അദ്ധ്യാപന ജീവതത്തിന് തുടക്കം കുറിക്കുന്നത്. 1989 ഒക്ടോബർ 23ന്  ഫാറൂഖ് കോളേജ് രസതന്ത്ര വിഭാഗത്തിൽ ലക്ചററായി ജോയിൻ ചെയ്ത റഹിം സാർ കോളേജിന്റെ സർവ്വ മേഘലകളിലും തന്റെതായ കയ്യൊപ്പുകൾ ചാർത്തി കൊണ്ടാണ് പടി ഇറങ്ങുന്നത്. ഫാറൂഖ് കോളേജ് സ്റ്റുഡൻസ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ, ഫൈൻ ആർട്സ് ഡയറക്ടർ, NSS പ്രോഗ്രാം ഓഫീസർ, എത്തിക്സ് കമ്മറ്റി കൺവീനർ, ഗ്രീവൻസ് സെൽ ചെയർമാൻ, അഡ്വൈസറി കമ്മറ്റി കൺവീനർ, ഹെൽത്ത് സെന്റർ ഡയറക്ടർ, കോളേജ് സ്റ്റുഡൻസ് ഹോസ്റ്റൽ പ്രൊവോസ്റ്റ് തുടങ്ങീ വിവിധങ്ങളായ ഉത്തരവാദിത്തങ്ങൾ അതാത് കാലങ്ങളിലെ സ്ഥാപന മേധാവികൾ റഹിംസാറിനെ വിശ്വാസപൂർവ്വം ഏൽപ്പിച്ചു എന്നത് അദ്ധേഹത്തിന്റെ പ്രവർത്തന മികവിനും കോളേജിനോടുള്ള താൽപര്യത്തിനുമുള്ള അംഗീകാരമായിട്ടാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

കലിക്കറ്റ് യൂണിവേഴ്സിറ്റി കെമസ്ട്രി റിസർച്ച് അഡ്മിഷൻ കമ്മറ്റി മെമ്പർ, റിസർച്ച് അപ്രൂവൽ കമ്മറ്റി മെമ്പർ എന്നീ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റഹിം സാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി P. G പ0ന ബോർഡ് മെമ്പർ, P. G എക്സാം ബോർഡ് ചെയർമാൻ, PSC ഇന്റർവ്യൂ ബോർഡ് മെമ്പർ എന്നീ പദവികളിൽ സേവനമനുഷ്ടിച്ചു വരുന്നു.

ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥീ കൂട്ടായ്മയായ ഫോസയുടെ സെൻട്രൽ കമ്മറ്റി ജോ. സെക്രട്ടറിയായ റഹിം സാർ, കെമസ്ട്രി വിഭാഗം ഫോസയായ 'ഫാൽകം' ത്തിന്റെ സ്ഥാപക സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

2014ൽ ഫാറൂഖ് കോളജ് രസതന്ത്ര വിഭാഗം മേധാവിയായി റഹിം സാർ നിയമിതനായി.  ഡിപ്പാർട്ട്മെന്റിനെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ ഏറ്റവും മികച്ച കെമസ്ട്രി ഡിപ്പാർട്ട്മെന്റാക്കി മാറ്റി എടുക്കുന്നതിൽ ഡിപ്പാർട്ട്മെന്റ് മേധാവി എന്ന നിലയിൽ റഹിം സാറിന്റെ ശ്രമങ്ങൾ ഏറെ ശ്ലാഘിക്കപ്പെടേണ്ടതാണ്. 2017ൽ "Emerging Frontiers in Chemical Science " എന്ന തലക്കെട്ടിൽ ലോകത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലെ രസതന്ത്രത്തിലെ പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഇന്റർനാഷണൽ സെമിനാർ സീരീസിന് തുടക്കം കുറിക്കാൻ  ഡിപ്പാർട്ട്മെന്റിന് സാധിച്ചു എന്നത് ഏറെ ശ്രദ്ധേയയാണ്. സെമിനാർ സീരീസിന്റെ ഫൗണ്ടർ കൺവീനർ എന്ന നിലയിൽ റഹിംസാറിന്റെ സംഘാടന മികവ് സെമിനാറിന്റെ കെട്ടിലും മട്ടിലും അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ മികവിലും നമുക്ക് ദർശിക്കാൻ സാധിച്ചതാണ്.

ഇത്തരത്തിൽ അക്കാദമിക രംഗത്തും അക്കാദമിക അനുപന്ധരംഗത്തും ഏറെ സംഭാവനകൾ അർപ്പിക്കാൻ സാധിച്ച ഒരു ബഹുമുഖ പ്രതിഭയായിരുന്നു റഹിം സാർ എന്ന് ഓരോ ഫാറൂഖിയനും നിസംശയം പറയാൻ സാധിക്കും.ഈ ഗുരുനാഥന്റെ വിദ്യാർത്ഥികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ റഹിംസാറിന്റെ പടി ഇറക്കം ഫാറൂഖാബാദിന് തീരാനഷ്ടം തന്നെയാണ്.

ഡോ.ഇ.കെ സാജിദ്