News

Dr Mubarak Pasha (Former Principal, Farook College) Declared as the First VC of the Sree Narayanaguru Open University

Sree Narayanaguru Open Universityഡോക്ടർ മുബാറക് പാഷയെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി  നിയമിക്കാൻ സർക്കാർ തീരുമാനം. നാല് വർഷക്കാലത്തേക്ക് ആണ് നിയമനം. നിലവിൽ  ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹെഡ് ഓഫ് ഗവർണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിംഗ് ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ. പാഷ.
 
ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള  വൈവിധ്യമാർന്ന അദ്ദേഹത്തിൻറെ പ്രവർത്തന പരിചയം, മികവ് എന്നിവ പരിഗണിച്ചാണ് ആണ് സർക്കാരിൻറെ ഈ നിയമനം. ഇന്ത്യയിലെ സ്പെഷ്യൽ ഗ്രേഡ് കോളേജുകളിലെ ഏറ്റവും  പ്രായംകുറഞ്ഞ പ്രിൻസിപ്പലായി ഫാറൂഖ് കോളേജിൽ  അദ്ദേഹം നിയമിതനാകുന്നത് മുപ്പത്തിമൂന്നാമത്തെ വയസ്സിലായിരുന്നു. കോളേജിൻറെ ആധുനിക വൽക്കരണത്തിന് നേതൃത്വം നൽകുക വഴി നാകിന്റെ(NAAC-National  Assessment and Accreditation Council)ഫൈവ് സ്റ്റാർ പദവി,യുജിസിയുടെ കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ് ഗ്രാൻഡ്, സംസ്ഥാനത്തെ മികച്ച കോളേജിനുള്ള ആർ ശങ്കർ അവാർഡ് എന്നിവ കരസ്ഥമാക്കിയ മലബാറിലെ ആദ്യത്തെ കോളേജായി ഫാറൂഖിനെ ഉയർത്തി. 2001-2004 കാലയളവിലെ മികച്ച പ്രവർത്തനത്തിനുള്ള മൗലാനാ അബ്ദുൽ കലാം ആസാദ് ഫൗണ്ടേഷൻ അംഗീകാരം ലഭിച്ചതും, ഫാറൂഖ് കോളേജിൻറെ മുഖമുദ്രയായ ലൈബ്രറി സമുച്ഛയം സമർപ്പിക്കാൻ  ഭാരതത്തിന്റെ രാഷ്ട്രപതി  ആയിരുന്ന ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം ഫറൂഖ് കോളേജ് സന്ദർശിച്ചതും ഡോക്ടർ മുബാറക്ക് ഭാഷ പ്രിൻസിപ്പലായിരുന്ന കാലയളവിലാണ്, എന്നത് ശ്രദ്ധേയമാണ്.
 
കാലിക്കറ്റ്സർവ്വകലാശാലയിൽ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കൗൺസിലിന്റെ പരിശോധന പൂർത്തിയാക്കിയത്. മാത്രമല്ല, ഡോ. പാഷ സർവകലാശാലയിൽ കോളേജ് ഡെവലപ്മെൻറ്  കൗൺസിൽ ഡയറക്ടർ ആയിരിക്കുന്ന കാലഘട്ടത്തിലാണ് ആണ് അഫിലിയേറ്റഡ് കോളേജുകളുടെ ഏകോപനം സംബന്ധിച്ച മാർഗ്ഗരേഖ ഉണ്ടാക്കിയതും അത് നടപ്പിലാക്കിയതും എന്നത് എറെ ശ്രദ്ധേയമാണ്.
 
ഇംഗ്ലണ്ടിലെ ഗ്ലാസ്കോ- കാലിഡോണിയൻ, അമേരിക്കയിലെ വെസ്റ്റ് വെർജീനിയ, സൗത്ത് കരോലിന എന്നീ സർവകലാശാലകളുമായി അക്കാദമിക അഫിലിയേഷൻ ഉള്ള ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹെഡ് ഓഫ് ഗവർണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിംഗ് ആയി പ്രവർത്തിക്കുന്ന അദ്ദേഹത്തിൻറെ, വിദേശ സർവ്വകലാശാലകളുമായുള്ള ബന്ധവും, പരിചയസമ്പത്തും , വിദേശ വിദ്യാഭ്യാസ രീതികളിലുള്ള  അവഗാഹവും, വൈസ് ചാൻസലർ എന്ന നിലയിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്കും സർവ്വോപരി നമ്മുടെ നാടിനും ഗുണകരമാകും എന്ന കാര്യത്തിൽ സംശയമില്ല.
പ്രശസ്ത ചരിത്രപണ്ഡിതനായ ഡോക്ടർ എം.ജി.എസ് നാരായണന്റെ മേൽനോട്ടത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ പാഷ നിരവധി അക്കാദമിക് പ്രബന്ധങ്ങളുടെ രചയിതാവാണ്.
 
പ്രമുഖ അറബിക് പണ്ഡിതനും പാലക്കാട് വിക്ടോറിയ കോളേജിലെ പ്രൊഫസറും ആയിരുന്ന, പരേതനായ മവ്ലവി മുഹമ്മദ്.പി. ഇടശ്ശേരിയുടെയും, കൊടുങ്ങല്ലൂർ, പടിയത്ത് ബ്ളാങ്ങാച്ചാലിൽ പി.കെ. മറിയുമ്മയുടെയും പുത്രനാണ്, ഡോ. പാഷ. ഫാറൂഖ് കോളേജിലെ നിയമ വിഭാഗം അധ്യാപിക ജാസ്മിൻ ഭാര്യയാണ്.മക്കൾ: മുഹമ്മദ് ഖൈസ് ജാസിർ, മുഹമ്മദ് സമീൽ ജിബ്രാൻ.