News
Iqbal Hostel Inmates Celebrate Onam by Honouring the Employees of the Hostel
ഓണപ്പുടവയിൽ പൊതിഞ്ഞ് ഇക്ബാലിന്റെ സ്നേഹ സമ്മാനം

സ്നേഹമാണ് ഇക്ബാൽ ഹോസ്റ്റലിന്റെ ഓണ സമ്മാനം. ഓണപ്പട്ടിൽ പൊതിഞ്ഞ മനം നിറഞ്ഞ സ്നേഹം. നാടും നഗരവും പാട്ടും മുട്ടും ആട്ടവുമായി ഓണം ആഘോഷിക്കുമ്പോൾ ഇക്ബാൽ ഹോസ്റ്റൽ നടത്തിയത് വ്യത്യസ്തമായ ഓണാഘോഷം.
ഹോസ്റ്റലിലെ ജീവനക്കാരെ മുഴുവൻ അതിഥികളാക്കി വിളിച്ചു വരുത്തി സ്നേഹം പൊതിഞ്ഞ ഓണ പുടവകൾ നൽകി ഇക്ബാലിലെ കൂട്ടുകാർ. തുടർന്ന് ഹോസ്റ്റൽ ചേട്ടൻമാരും ചേച്ചിമാരും ഓണോർമകൾ പങ്കുവെച്ചു. സ്വന്തം കുടുംബത്തിൽ എത്തിയപ്പോലെ മനസ്സും കണ്ണും നിറഞ്ഞ് അവർ കഥകൾ പറഞ്ഞു. ചിരിച്ചും തമാശകൾ പറഞ്ഞും സന്തോഷങ്ങൾ കൈമാറി. ഇക്ബാലിലെ അന്തേവാസിയും ഫ്ലെവേർസ് ചാനൽ കോമഡി ഉത്സവം താരവുമായ ആഷിക്കിന്റെ പാട്ട് ഏവരുടേയും മനം കവർന്നു. ഒടുവിൽ 'ഇക്ബാൽ കുടുംബ'ത്തിന്റെ ഒരു ഫോട്ടോയും എടുത്ത് നല്ല കാപ്പിയും കുടിച്ച് എല്ലാവരും പിരിഞ്ഞു. ജീവിതത്തിലെ ഏറ്റവും നല്ല ഓണമാഘോഷിച്ച സന്തോഷത്തോടെ..
പരിപാടി ഹോസ്റ്റൽ പ്രൊവോസ്റ് ഡോ. അലി നൗഫൽ ഉദ്ഘാടനം ചെയ്തു. ഹോസ്റ്റൽ യൂണിയൻ വർക്കിംഗ് ചെയർമാൻ വസീം അലി സി പി സ്വാഗതം പറഞ്ഞു. ഹോസ്റ്റൽ വാർഡൻ സി പി അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. ഹിസ്റ്ററി അധ്യാപകൻ ഡോ എം നിസാർ, കൊമേഴ്സ് അധ്യാപകൻ ഡോ ഷംസുദ്ധീൻ, യൂണിയൻ ചെയർമാൻ അസീം ദിൽഷാദ് എന്നിവർ ആശംസയും ഹസനുൽ ബസരി നന്ദിയും പറഞ്ഞു.