സംസ്ഥാന സർക്കാർ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി, സ്റ്റേറ്റ് എൻഎസ് എസ് സെല്ലിന്റെ നിർദ്ദേശ പ്രകാരം ഫാറൂഖ് കോളേജ് നാഷണൽ സർവീസ് സ്കീം ഹരിതമിത്ര പ്ലാവിൻതൈകൾ നടൽ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി കോളേജ് ക്യാമ്പസിലും പങ്കാളിത്ത ഗ്രാമത്തിലുമായി 75 പ്ലാവിൻതൈകൾ നട്ട് പരിപാലിക്കും. പദ്ധതിയുടെ ഉൽഘാടനം ഫാറൂഖ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ.കിഷോർ കുമാർ നിർവഹിച്ചു. നമുക്ക് സുപരിചിതമായ പ്ലാവും ചക്കയും അന്യമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് കേരളം എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. വൈവിധ്യമാർന്ന ഉപയോഗങ്ങളുള്ള ഫലമാണ് ചക്കയെന്നും പലരും അത് മനസ്സിലാക്കാതെ പാഴാക്കിക്കളയുകയാണെന്നും, കീടനാശിനി പ്രയോഗമില്ലാതെ ഉൽപാദിപ്പിക്കപ്പെടുന്ന അപൂർവ്വം ഫലവർഗങ്ങളിലൊന്നാണ് ചക്കയെന്നും അദ്ദേഹം പ്രസ്താവിച്ചു. ചടങ്ങിന് പ്രോഗ്രാം ഓഫീസർ ഡോ. എം. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. പ്രഫ. സി.പി നസീഹ, ഫാസിൽ, ജിതിൻ വിജയൻ, ജുനൈന എന്നിവർ സംസാരിച്ചു. എൻഎസ്എസ് ഹരിതമിത്ര സെക്രട്ടറി ആയിശാ നൗറ സ്വാഗതവും ഷാദ് ഇബ്രാഹീം നന്ദിയും പറഞ്ഞു.