News

Shabnam Noorjahan (Assistant Professor, Department of Zoology) ‘s Story Published in Mahila Chandrika

Shabnam - Stroy - Mahila Chandrika 2017

ചെമ്മീന്‍ ബിരിയാണിഅലാറം കേട്ടാണ് കണ്ണുതുറന്നത്. അഞ്ച് മണി. ചുമരിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടന്നുറങ്ങുകയാണ് മോള്‍.
ഇന്നെന്തായാലും ചെമ്മീന്‍ ബിരിയാണി ഉണ്ടാക്കണം.കുറച്ച് ദിവസമായി പറയുന്നതാണ് ഉമ്മ.  രാവിലത്ത തിരക്കില്‍ കഴിയാറില്ല. ഗോവണിയിറങ്ങി താഴെയെത്തുമ്പോള്‍ ഇരിട്ടിനു കനം കുറഞ്ഞ് വരുന്നേയുണ്ടായിരുന്നുള്ളൂ. . 

ഉമ്മയും ഉപ്പയുമൊഴികെ താഴെ ഈ വലിയ വീട്ടില്‍ എല്ലാവരും ഉറങ്ങുകയാണ്. കാലടികള്‍ ശബ്ദമുണ്ടാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. വിവാഹം കഴിഞ്ഞ് പിറ്റേന്നാള്‍ കിട്ടിയ ഉപദേശമാണ്. പുതുമോടിയില്‍ ചവിട്ടി മെതിച്ചിറങ്ങിവന്നപ്പോള്‍. പെണ്ണുങ്ങള് നടക്കണതേ... നെലറിയാമ്പാടില്ല.
അന്നാണ് ഹാരിയുടെ മുഖത്ത് ജാള്യതയോട് കൂടിയുള്ള ആ പ്രത്യേക ചിരി ആദ്യമായി കണ്ടത്. പിന്നീടങ്ങോട്ട് മിക്കപ്പോഴും പുറത്തെടുക്കാന്‍ വേണ്ടി അവന്‍ സൂക്ഷിച്ച അതുവരെ കാണാത്ത നിസ്സഹായതയുടെ ചിരി.

റഫ്രിജറേറ്ററിന്റെ തണുപ്പില്‍ ദിവസങ്ങളായി വിറങ്ങലിച്ച് കിടക്കുന്ന ചെമ്മീന്‍ കട്ട ചൂടുവെള്ളത്തിലേക്കിട്ടു. സംസ്‌കാരം കാത്ത് ഇനിയും പല ശവശരീരങ്ങള്‍ തണുത്തുറഞ്ഞിരിപ്പുണ്ട് അതിനകത്ത്. നിസ്‌കാരപ്പായയിലേക്ക് ചായ കൊടുക്കുമ്പോള്‍ ചോദിച്ചു: ബിരിയാണിക്ക് പണിയേറെല്ലേ. . . ചായക്ക് പുട്ട് മതീലേ . ..  മ്മാ.  ചൂടുചായ ഒരു കവിള്‍ മൊത്തിക്കൊണ്ട് ഉമ്മ പറഞ്ഞു. കുഞ്ഞോന്‍ക്ക് പറ്റൂലെടി. . .   ഓന്‍ക്ക്ന്നാജ്ജ്  ഔലൊയച്ചാള. . .

രാത്രി പെയ്ത മഴയുടെ തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങുകയാണ് വീടും പറമ്പും. ഇരുട്ടിന്റെ പുതപ്പ് വലിച്ചുതുറന്നുകൊണ്ട് വെളിച്ചം പരന്നുതുടങ്ങുന്നു. പോത്തിനു വെള്ളം വെക്കാനിറങ്ങുമ്പോള്‍ വെളുക്കുന്നേയുള്ളു. അണ്ണന്‍  ഉണര്‍ന്നിട്ടില്ല. പാടത്ത് പണിയെടുപ്പിക്കുന്നതും പോത്തിനെ നോക്കുന്നതും അണ്ണനാണ്. തീറ്റേം കൂടീം വീട്ടീന്ന് തന്നെ. ആലയോട് ചേര്‍ന്നുള്ള ചെറിയ മുറിയിലാണ് ഇയാള്‍ ഉറങ്ങുന്നത്.      തുലാമാസ രാത്രി പെയ്ത മഴയുടെ താളത്തില്‍ പുലര്‍ക്കാലത്ത് കിടന്നുറങ്ങാന്‍   ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്.
ഒരു വേള അസൂയ തോന്നി അയാളോട്. അല്ലെങ്കിലും ഈ ആണുങ്ങള്‍ക്ക് അവര്‍ക്കിഷ്ടമില്ലാത്ത വേഷങ്ങള്‍ ഒരുപാട് ആടേണ്ടി വരാറില്ലല്ലോ. . .


ചിലനേരങ്ങളില്‍ ആ പോത്തിനോടു പോലും അവള്‍ക്കസൂയ തോന്നാറുണ്ട്. അടുത്ത വല്ല്യപെരുന്നാളിനു അറക്കാനുള്ള പോത്താണ്. എന്നാലെന്താ . . പ്രതീക്ഷകളില്ലല്ലോ അതിന് അല്ലെങ്കില്‍  പ്രതീക്ഷകളുണ്ടായിരുന്നില്ലല്ലോ അതിന്. . .

 
ഈ ലോകത്തില്‍ ഏറ്റവും സ്വാന്ത്ര്യമില്ലാത്ത ജീവികള്‍ തന്റെ വര്‍ഗ്ഗത്തിലായിരിക്കും - ഭര്‍തൃവീട്ടില്‍ കഴിയുന്ന മരുമകള്‍. സ്വന്തം ഇഷ്ടം പോലെ ഒന്നു ചിരിക്കാന്‍ പോലും കഴിയാത്തവള്‍. . . വെറുതെ ഒരപഗ്രഥനം നടത്തി.

പിന്നാമ്പുറത്ത് മുറ്റമടിക്കുമ്പോഴാണ് മുകളില്‍ നിന്നും ഉപ്പാന്റെ നീട്ടിയുള്ള  വിളി കേള്‍ക്കുന്നത്.  ലൈലാ. . . കുഞ്ഞോനേ. . . മോട്ടര്‍ ഇന്നും പണിമുടക്കിക്കാണണം. തലേന്നും രാവിലെ വെള്ളം കേറാഞ്ഞ് കുഞ്ഞോനെ വിളിച്ചുണര്‍ത്തിയിരുന്നു ഉപ്പ. സല്‍മയെ വിളിക്കാത്തതിലുള്ള നീരസം അവന്‍ മുറുമുറുക്കുന്നതു കേട്ടാണ് കയറിച്ചെന്നത്. 


ദൊക്കെ പെരേലെ ആണ്ങ്ങളെ പണ്യാടാ...ജി നൊടിയണ്ട
അപ്പൊ ലൈലതാത്തന്താ ആണാ?

ബിരിയാണി ദമ്മ് പൊട്ടിച്ചിട്ടില്ല. പുട്ടും കറിയുമെടുത്താണ് കോളേജിലേക്കിറങ്ങുന്നത്. മോളേ ഉടുപ്പുമാറ്റിച്ച് കോലായില്‍ നിര്‍ത്തിയിട്ടുണ്ട്. ഇനി അവളെ ലൈലയുടെ വീട്ടില്‍ കൊണ്ട് പോയാക്കണം. വൈകുന്നേരം കോളേജ് കഴിഞ്ഞ് വന്ന് കൂടുന്നത് വരെ മോള്‍ അവളുടെ ഉമ്മയുടെ കൂടെ. രണ്ട് വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ വ്യത്യാസമേയുള്ളൂ. . . ഹാരിസ് ആഴ്ച്ചക്കവസാനമേ എത്തൂ. ലൈല സ്വന്തം വീട്ടില്‍ നിന്നും കോളേജില്‍ പോയ്‌ക്കോട്ടേന്ന് ചോദിച്ചതാണ്. അപ്പോള്‍ കിട്ടിയ മറുപടി ഉമ്മാക്ക് മോളേ കാണാതെ കഴിയില്ലത്രേ. . .എന്നിട്ടിപ്പോ പകല്‍ മോളെ കണാതിരിക്കാനായ് സ്വന്തം വീട്ടില്‍ കൊണ്ടാക്കുകയും വേണം.

ധൃതിയില്‍ സ്‌കൂട്ടര്‍ പായിച്ചു പോകുമ്പോള്‍ വല്ലാത്ത കുളിര്‍മ്മ തോന്നി. പുറകിലെ കെട്ടുപാടുകള്‍ മുജന്മബന്ധങ്ങളേപ്പോല്‍ അകലെ. വേഗത കൂടിയിരിക്കുന്നു ജീവിതത്തിന്. കല്ല്യാണത്തിന് ഉപ്പ തന്ന അമ്പത് പവനില്‍ ഒരൊറ്റ പവന്‍ കൊണ്ട് ജീവിതത്തിനിത്ര മാറ്റം വരുമെന്ന് കരുതിയതേയല്ല. സ്‌കൂട്ടര്‍ വാങ്ങാന്‍ പണമില്ലാതെ വിഷമിച്ചിരിക്കുമ്പോള്‍ ലാബിലെ സുഹൃത്ത് സ്‌നേഹയാണ് കൈയ്യില്‍ നിര്‍ജ്ജീവമായി കിടന്നിരുന്ന വളകളെക്കുറിച്ച് പറഞ്ഞത്. അവയൊന്നും ഒരിക്കലും തന്റേതാണെന്ന് തോന്നിയിട്ടില്ല. ഹാരിക്ക് ജോലി ശരിയാകുന്നതിന് മുമ്പ് അത്യാവശ്യത്തിനു പണം തികയാത്തതുകൊണ്ട് ആരുമറിയാതെ പശുവിന്‍ നെയ്യ് കൊണ്ട് വന്ന് വിറ്റിട്ടുപോലുമുണ്ട് അപ്പുറത്തെ ലാബിലെ സുഹൃത്തിന്. അന്നും താനെത്രയോ സ്വര്‍ണ്ണത്തിന്റെ അധിപയായിരുന്നു. അണിയുന്നവളുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്താത്ത കുറേ സ്വര്‍ണ്ണം. ഇപ്പോള്‍ കുറച്ച് മാത്രമേ ബാക്കിയുള്ളൂ. ഹാരിയുടെ പൊളിഞ്ഞ മൊബൈല്‍ ബിസിനസ്സിനിടയില്‍ അങ്ങിനെയും കുറേ നഷ്ടമുണ്ടായി. കോളേജില്‍ നിന്നും കിട്ടുന്ന സ്‌റ്റൈപ്പന്റുകൊണ്ട് സ്‌കൂട്ടറിന്റെ അടവടച്ച് പോകുന്നു. ഒരു ഗവേഷണവിദ്യാര്‍ത്ഥി വീണ്ടും കോളേജിലെത്താന്‍ ഏറെ പാടുപെടേണ്ടി വന്നു. എത്രയേറെ ശകാരങ്ങള്‍. 

പെറ്റ കുട്ടീനെ നോക്കാതെ ഓള് പഠിക്കാമ്പോവ്വാ. . .
ഇജ്ജാതി തള്ളാരൊക്കെ കിയാമത്തിന്റെ അലാമത്തെന്നെ. 

ഓറിയന്റല്‍ സ്‌കൂളില്‍ വെച്ച് പ്ലസ് വണ്‍ കാലത്ത് ഹാരിയെ ആദ്യമായി കണ്ട ദിവസത്തെ വെറുത്തുപോയത് അന്നായിരുന്നു. പി.എച്ച്.ഡി എന്‍ട്രന്‍സ് എക്‌സാമില്‍ രണ്ടാം റാങ്ക് കിട്ടിയിട്ടും പോകാന്‍ അവന്റെ ഉപ്പ സമ്മതിക്കാതിരുന്നപ്പോള്‍. ഡിഗ്രിക്കും ഹാരി ചേര്‍ന്ന കോളേജില്‍ തന്നെ ചേര്‍ന്നതിനെ കുറിച്ചോര്‍ത്തു പരിതപിച്ചു. തന്റെ ജീവിതത്തിലൊരു ചെറിയ തീരുമാനം പോലും കൈക്കൊള്ളാനാവാത്ത ഒരാളെയാണല്ലോ താനെത്രയോ വലിയ ഒരാളായി പ്രണയിച്ചതെന്നോര്‍ത്തു നിരാശപ്പെട്ടു. 


അസൂയയായിരുന്നെല്ലാവര്‍ക്കും. രൂപംകൊണ്ടും പെരുമാറ്റം കൊണ്ടും ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ഹാരിക്കെങ്ങനെ ലൈലയെ ഇഷ്ടമായെന്ന് മുറുമുറുത്തു പലരും. അവന്റെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ പൂത്തുലഞ്ഞ വര്‍ഷങ്ങള്‍. വാര്‍ത്തകള്‍ വീട്ടിലുമെത്തി. കാര്യങ്ങള്‍ ഇത്ര എളുപ്പമാവുമെന്ന് കരുതിയതേ ഇല്ല. ഇരുപത്തിമൂന്ന് വയസ്സായിരുന്നു ഹാരിക്കന്ന്. തനിക്ക് ഇരുപത്തിരണ്ടും. അവന്റെ വല്യപെങ്ങള്‍ കാണാന്‍ വന്നു. നെറം കൊറവാണെങ്കിലും ലൈലാക്ക് മൊച്ചായണ്ട്. വലിയ ഇക്കയുടെ ഭാര്യ ഷംനതാത്ത പ്രസവത്തിനു പോകാറായിട്ടുണ്ട്. പെട്ടെന്ന് കല്യാണം വേണം. പി.ജി. അവസാന പരീക്ഷ കഴിഞ്ഞ് നേരെ പോയത് കല്യാണസാരി വാങ്ങാനായിരുന്നു.

അതുവരെ കൂട്ടുകാരനായിരുന്ന ഹാരി വിവാഹനാള്‍തൊട്ട് കൊച്ചുകുട്ടിയായി മാറി. വീട്ടുകാരുടെ മുന്നില്‍ നിന്നു പരുങ്ങിച്ചിരി ചിരിക്കുന്ന, എന്തിനും ഏതിനും ലൈലാ കൂടെ വേണ്ട, വളരെ ചെറിയ കുട്ടി. അവളോ. . . നിന്നനില്‍പ്പില്‍ വലുതാകാന്‍ തുടങ്ങി. ഈ ലോകത്തുള്ള സകലമാന നന്മകളും അവളില്‍ കാണേണ്ടതുണ്ട്. ആ പുതിയ വീട്ടിലെ എല്ലാവരുടെയും മാനസിക വ്യാപാരത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവള്‍. അതിനനുസരിച്ച് അവള്‍ക്ക് മാര്‍ക്കുകള്‍ കിട്ടിക്കൊണ്ടിരിക്കുകയും നഷ്ടപ്പെടുകയും ചെയ്യും. ത്യാഗത്തിന്റെ ആള്‍രൂപമായ ഷംനതാത്തയോളമാണ് വലുതാവേണ്ടതെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ഇടക്കിടെ വന്നുകൊണ്ടിരുന്നു. 

സമൂഹത്തില്‍ നിലയും വിലയുമുള്ള ഒരു കുടുംബത്തിലേക്ക്, സ്‌നേഹിച്ച ചെക്കനെ വിശേഷാല്‍ തന്നെക്കാളും വെളുപ്പുനിറമുള്ള ചെക്കനെ വിവാഹം ചെയ്ത് എത്തിച്ചേരാന്‍ സാധിച്ച ലൈല എത്ര ഭാഗ്യവതിയാണെന്ന് നാട്ടുകാരും വീട്ടുകാരും പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഗവേഷണത്തിനു വീണ്ടും കോളേജില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ഉപ്പ അങ്ങിനെ മറുപടി പറഞ്ഞത്. 


എന്തിന്റെ കൊറവാ ഓള്‍ക്ക്ബടെ? സ്വന്തം വീട്ടിലേക്കാളും സൗകര്യങ്ങളുണ്ട്. ആലയും നെല്ലുമുണ്ട്. മാസത്തില്‍ രണ്ടുദിവസം സ്വന്തം വീട്ടില്‍ വിടുന്നുണ്ട്. രണ്ടു പെരുന്നാളിനും കോടി വാങ്ങിത്തരുന്നുണ്ട്. വേഗം പണികള്‍ തീര്‍ത്താല്‍ രാത്രി സീരിയലും കാണാം ഉമ്മാന്റെ കൂടെ. എന്നിട്ടും എന്തിന്റെ കൊറവാ ഓള്‍ക്ക് ബെടെ....

അയല്‍ക്കാരും വീട്ടുകാരും രഹസ്യമായി പരസ്പരം ചോദിച്ചു. വിസ്തൃതമായ മുറ്റവും പറമ്പും സമൃദ്ധമായ അടുക്കളയും മുറികളും പിറുപിറുത്തു. എന്തിന് പൈകുട്ടിയൊരു ദിവസം നേരിട്ട് തന്നോട് ചോദിച്ചപോലെ തോന്നിയവള്‍ക്ക് - എന്തിന്റെ കൊറവാ അന്‍ക്ക്‌ബെടെ. 

ഒരു പെണ്ണിനു വേണ്ട എല്ലാമുള്ള വീട്ടില്‍ ഒരു കീറ് ആകാശമില്ലെന്ന് ആരോടും പറയാനായില്ല.  ഹാരിക്കുപോലും തന്നെ മനസ്സിലാക്കാനാവുന്നില്ലെന്ന് ചിലപ്പോഴെങ്കിലും തോന്നിയിരുന്നു. തന്റെ പ്രണയകാല വാഗ്ദാനങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടാത്തതേതുമില്ലെന്ന് അവനും വിശ്വസിച്ചു പോന്നു. ശ്വാസംമുട്ടി കഴിച്ചുകൂട്ടി ഒരു വര്‍ഷത്തോളം.


മോളുണ്ടായി തിരികെ വന്ന നാളുകളിലെന്നോ ഷംനതാത്തയോടാണ് വിതുമ്പിപ്പോയത്. ഉള്ളിലെ തീ കെടാതെ കത്തിക്കാന്‍ തണലായതും അര്‍ തന്നെ. അന്നാണറിഞ്ഞത് മാതൃകാ സ്ത്രീരൂപമായി അടിക്കളയിലും തൊടിയിലും നൈറ്റിയുമിട്ട് ഓടിനടക്കുന്ന ഈ ശാന്തസ്വരൂപിണി പത്താംതരവും പന്ത്രണ്ടാംതരവും തന്നേക്കാളേറെ മാര്‍ക്കുവാങ്ങി ഒന്നാം സ്ഥാനക്കാരിയായിരുന്നെന്നത്. ഈ വീട്ടില്‍ ആര്‍ക്കും അതറിയില്ല. ചിലപ്പോള്‍ അവരുടെ ഭര്‍ത്താവിന് പോലും. നാളിതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത ഷംനതാത്ത പറഞ്ഞത് കൊണ്ടാവാം ഉപ്പ സമ്മതിച്ചു. 

മൂന്നര വര്‍ഷമായി തുടരുന്ന ഗവേഷണം. എഴുത്ത പണികള്‍ തുടങ്ങാനായിരിക്കുന്നു. ജന്തുശാസ്ത്രത്തില്‍ ഒരു ഡോക്ടറേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ കൈവരുമെന്ന് തോന്നുന്നു. 

ഉച്ചക്കു ചോറ്റുപാത്രം തുറന്നപ്പോള്‍ സ്‌നേഹ പിറുപിറുത്തു.  നീയല്ലേ ഇന്ന് ചെമ്മീന്‍ ബിരിയാണി കൊണ്ടുവരുമെന്ന് പറഞ്ഞത്.


ദമ്മ് പൊട്ടിക്കാന്‍ നേരണ്ടായില്ലെടാ. . .
എന്ത്??? ദമ്മാ!!!
അടുപ്പും ചെമ്പും കാണാത്ത അവള്‍ക്കെന്ത് ദമ്മ്!

ഹാരിക്ക് ബിരിയാണി വലിയ ഇഷ്ടമാണ്. വൈകുന്നേരം നേരെ കമ്പനിയില്‍ പോയി കൂടെ കൂട്ടാം. ബിരിയാണിയും തിന്ന് രാത്രി വേണമെങ്കില്‍ തിരികെ പോകാമല്ലോ. മൂന്ന് കിലോമീറ്റര്‍ അടുത്ത് കുടുംബം ഉണ്ടായിട്ടും അവന്‍ രാത്രി കമ്പനിയോടടുത്തുള്ള റൂമിലാണ് താമസിക്കുന്നത്. മണലിന്റേം കല്ലിന്റേം ജോലിയല്ലേ. . . രാത്രി പണിയുണ്ടാവുമത്രേ. . .

വൈകീട്ട് മോളെ തിരികെ കൂട്ടാന്‍ വീട്ടിലെത്തിയപ്പോള്‍ ഉമ്മ ഉപ്പുമാവെടുത്ത് വെച്ചിരുന്നു. മുളകും കടുകും പൊട്ടിച്ച മൊരുമൊരുത്ത ഗോതമ്പു നുറുക്കുപ്പുമാവ്. കോളേജ് വിട്ടുവരുമ്പോഴുള്ള ലൈലയുടെ വിശപ്പ് ഉമ്മാക്ക് നന്നായറിയാം. അതിന്റെ പേരിലുണ്ടാവാറുണ്ടായിരുന്ന അസംഖ്യം വഴക്കുകളും. പക്ഷേ ഇപ്പോള്‍ വൈകുന്നേരങ്ങളിലൊന്നും പണ്ടത്തെപ്പോലെ അവള്‍ക്ക് വിശക്കാറില്ല. താന്‍ വിശപ്പകറ്റേണ്ട   ഏറെപ്പേരുണ്ടാകുമ്പോള്‍, അവള്‍ക്ക് വിശക്കാറേയില്ല. വിശപ്പെന്ന് കേള്‍ക്കുന്നത് പോലും ഇഷ്ടമല്ല. അല്ലെങ്കിലും ഉമ്മമാരെ കാണുമ്പോഴാണല്ലോ നമുക്ക് വിശക്കാറുള്ളത്.

ഭക്ഷണം സ്വന്തമായി വിളമ്പാന്‍ പോലും കഴിയാത്തവിധം വിശന്നു വലയാറുള്ളത്. ഉമ്മയുടെ ഉപ്പുമാവ് ഒരു സ്പൂണെടുത്ത് വായിലേക്കിടുമ്പോള്‍ ഹുങ്കോടെ പറഞ്ഞു. വേണ്ടുമ്മാ. . . ഞാന്ന് ചെമ്മീന്‍ ബിരിയാണി വെച്ചിട്ടുണ്ട്.


അനക്ക് ചെമ്മീന്‍ ബിരിയാണ്യൊക്കെ ഉണ്ടാക്കാനറിയ്യോ ലൈലാ. . . ഉമ്മ കണ്ണുമിഴിച്ചു. 
ഞാപ്പം ആറ്റംബോംബ് വരെ ഉണ്ടാക്കുമ്മാ. . .

ഹാരി വണ്ടിയോടിച്ചു പുറകിലിരുന്ന് വരുമ്പോള്‍ സമാധാനമാണ്. ഉപ്പാക്കിഷ്ടമല്ല ലൈല വണ്ടിയോടിക്കുന്നത്. 
എല്ലത്തിന്റെ മേലീം മണ്ടിക്കേറും . . . ഓള് ഉപ്പ പിറുപിറുക്കും.
പടിക്കലെത്തിയപ്പോള്‍ ചുവന്ന മാരുതി സ്വിഫ്റ്റ് കാര്‍.

 
മോളെ അന്റെ ബിരിയാണി ഗോവിന്ദ. . . വെല്ല്യാതാത്തീം കുട്ട്യേളൂണ്ട്. ഹാരി ചിരിച്ചു. തന്റെ മാറുന്ന മുഖഭാവങ്ങള്‍ ഹാരി കാണാതിരിക്കാനായി തിരിച്ചിറങ്ങി നിന്നു. ഉമ്മ ഇന്‍ക്കെടുത്തെക്കാതിരിക്കൂല. . . ഞാനുച്ചക്ക് കൊണ്ടോയിട്ടില്ല്യാന്നുമ്മാക്കറിയാല്ലോ. . .


കൊലായി തൊട്ട് വീടകം മുഴുവനും ബിരിയാണി ഗന്ധത്തില്‍ കുതിര്‍ന്നിരുന്നു. അടുക്കളയാകെ അലങ്കോലപ്പെട്ടു കിടക്കുന്നു. എല്ലാവരും കഴിച്ചുകഴിഞ്ഞെന്ന് തോന്നുന്നു. അന്റെ ബിരിയാണി സൂപ്പറായിക്ക്ണ്‌ട്ടോ. . . ലൈലാ..  സിഗരറ്റ് വലിക്കും പുകച്ചുരുളുകള്‍ക്കും ഇടയില്‍ അളിയന്‍ പറഞ്ഞു.
മോള് ബിരിയാണിക്കുവേണ്ടി ചുരിദാറിന്റെ അറ്റം പിടിച്ചു ചിണുങ്ങുന്നുണ്ട്. ഇത്താത്തയും മക്കളുമിരിക്കെ ചെമ്പില്‍ പോയി നോക്കാന്‍ ധൈര്യം തോന്നിയില്ല്. ഉടുപ്പുമാറ്റാനായി മുകളിലേക്ക് പോയി. 

ന്‍ക്കില്ല്യമ്മാ ചെമ്മീന്‍ ബിരിയാണി. . . അളിയനെ യാത്രയാക്കി ഹാരി നേരെ അടുക്കളയിലേക്ക് ചെന്നു.
ജിപ്പം ബെര്ന്നതാരേ അറ്ഞ്ഞ് മോനേ. . .


താത്ത ഞാമ്പിളിച്ച്ട്ട് വന്നതൊന്ന്യല്ല, ഓര്തിലെ പോയപ്പം കേറ്യതാ. . .
പിന്നെ അളിയന്‍ക്ക് ബെള്‍മ്പുമ്പോ കൊറക്കാമ്പറ്റ്യോ. . .

കുഞ്ഞോന്‍ക്ക് ഞാന്‍ രണ്ട് വറ്റ്ട്‌ത്തെച്ചത്ണ്ട്.  മോള്‍ക്ക് ലേസം ബാരിക്കൊടുത്താണ്ട് ജ്ജി തിന്നാള. 
ഉമ്മ നീട്ടിയ പ്ലേറ്റിലെ ചോറ് മോള്‍ക്ക് വാരിക്കൊടുത്ത് കൊണ്ട് ഹാരി പതിയെ മുകളിലേക്ക് കയറിച്ചെന്നു. ലൈല നൈറ്റി മാറ്റി കുളിമുറീന്നിറങ്ങുകയായിരുന്നു. ലൈലക്കിഷ്ടമില്ലാത്ത തന്റെ ആ പ്രത്യേക ചിരി ഉള്ളിലൊതുക്കി ഹാരി പറഞ്ഞു.


ലൈലാ. .  യ്യ് പറഞ്ഞത് ശരിയാട്ടാ. . .
ഉമ്മ അനക്കേ ചോറ് എടുത്തുവെച്ചിട്ടുള്ളൂ. . . 
ഞാന്‍ വരൂന്നറിയൂലല്ലാ. . . 
കൊതിയൂറുന്ന കണ്ണുകളോടെ അവള്‍ പ്ലേറ്റിനടത്ത് വന്നു. തന്റെ മുഴുവന്‍ സ്‌നേഹവും ചേര്‍ത്ത് കുഴച്ചഒരുരുള ബിരിയാണി അവന്‍ അവളുടെ വായില്‍ വെച്ചുകൊടുത്തു. 
ആ പ്ലേറ്റിലെ ഏറ്റവും വലിയ ചെമ്മീന്‍ ആ ഉരുളക്കകത്തുണ്ടായിരുന്നു.                        

ഷബ്നം നൂർജഹാൻ 
Shabnam Noorjahan

#chanthrika #mahilachanthrika #Shabnam_Noorjahan

#മഹിളാ_ചന്ദ്രിക  #ചന്ദ്രിക #ഷബ്‌നം_നൂർജഹാൻ