News

V C Shabna (Assistant Professor, Department of Zoology)’s Story Published in മാധ്യമം കുടുംബം ഫെബ്രുവരി 2018

വെല്ലിമ്മ

വെല്ലിമ്മാ. . . ഇങ്ങള്‍ക്കൊന്നുകൂടി വെല്ലിപ്പാനെ കാണാന്‍ പൂതിണ്ടോ...?

കഴിഞ്ഞ ദിവസം വെല്ലിപ്പാനെ കിനാവ് കണ്ടൂന്ന് വെല്ലിമ്മ പറഞ്ഞപ്പോഴാണ് ഞാന്‍ അങ്ങിനെ ചോദിച്ചത്.

എന്തെല്ലൊരു കുതൂലങ്ങള് കെയ്ഞ്ഞ് . . . ഞ്ഞിന്ത് പൂത്യാടി പെണ്ണേ. . .
വെല്ലിമ്മ ചിരിച്ചു.

ന്നാലുങ്ങള് സ്വപ്‌നത്തില്‍ കണ്ടമാതിരിയാണോ ഇപ്പോഴുമെന്നൊന്ന് കാണാലോ. . .

ഞാനയ്‌ന് മൂപ്പരെ കണ്ടിട്ട് പത്തിരുപത് കൊല്ലായീലെ.  കിനാവില് പണ്ടത്തെ ആയം നീട്ടള്ള വെല്ലിപ്പെന്നെ. ഒരു ചാക്ക് ചോറ്റയ്‌രി ഒറ്റക്ക് തലീലേറ്റിക്കൊട്ന്ന് കൊലായില്‌ക്കണ്ട്ട്ട് . .   ന്ന്ട്ട് പറിയാ. . .

നൗഷാദേ. . . ദാണ്ടൗത്ത്ക്ക്ട്‌ത്തെച്ചാ. . .
ആ റേസനരീന്റെ വറ്റ്ണ്ടാ കുഞ്ഞിമോള്‍ക്കറങ്ങ്ണ് . . അങ്ങനൊരു കിനാവ്.

വെല്ലിമ്മ നെടുവീര്‍പ്പിട്ടു.

അന്തിക്ക് ചോര്‍ന്ന്മ്പളും ഞാന്‍ നൗഷാദിനോട് പറഞ്ഞീന്ന്, ആ അയ്‌രിന്റെ ചോറ് മ്മാക്ക് ത്ന്നാമ്പെജെജഡാന്ന് . അതും ബിജാരിച്ച് കെട്‌ന്നോണ്ടേര്‍ക്കും. . . അങ്ങനൊരു കിനാവ് കണ്ടത്. ന്ത് പുടിച്ചയ്‌രീന്റെ  ചോറ് ബെയ്ച്ചതാ ബെല്ലിമ്മ. . . അന്റെ ബെല്ലിപ്പ എന്തെല്ലാം കൊട്ന്നീന്ന് . .

പിടഞ്ഞ് മുറിഞ്ഞ വാക്കുകള്‍ ഭൂതകാലത്തിലെവിടെയോ ഉടക്കിനിന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാണുകയാണ് വെല്ലിമ്മയെ. . . ഞാന്‍ പോയ ശേഷമാണ് പ്രഷര്‍ കൂടുന്നതും ഒരു ഭാഗം കുഴയുന്നതുമെല്ലാം. അത് ഭേദമായി തുടങ്ങയപ്പോഴേക്കും ഒന്നോ രണ്ടോ വീഴ്ചകള്‍. വാര്‍ദ്ധക്യത്തിന്റെ ചിതലുകള്‍ വല്ലാതെ വികൃതമാക്കിക്കൊണ്ടിരിക്കുന്ന ശരീരം. ഓര്‍മ്മകളിലെ തേജസ്സുറ്റ വെല്ലിമ്മയെ മുന്നില്‍ കാണുന്ന മുഖത്ത് ഏറെ തിരഞ്ഞുനോക്കി.  ഒട്ടും ബാക്കിയില്ല.

മിതമായ വണ്ണത്തില്‍ നീളം കുറഞ്ഞ് വെളുത്ത സുന്ദരിയായ വെല്ലിമ്മ. കടുംനിറങ്ങളില്‍ ചെറുപൂക്കളോടുകൂടിയ ഗള്‍ഫുപുള്ളിത്തുണിയും ഇറുകിയ ഒറ്റക്കളര്‍ ജമ്പറും വേഷം. നിലത്തിഴയുന്ന തട്ടത്തിനടിയിലൂടെ എത്തിനോക്കുന്ന സമൃദ്ധമായ തലമുടി. ഏത് തിരക്കിനിടയിലും കുളികഴിഞ്ഞ് കയറിയാല്‍ സുറുമയും അത്തറും മറക്കില്ല. മുറുക്കി ചുവപ്പിച്ച ചുണ്ടുകള്‍. തുണിക്കോന്തലയിലെ താക്കോല്‍ കൂട്ടക്കിലുക്കലുമായി നിലമറിയാതെ നടക്കുന്ന ശാന്തസ്വരൂപിണിയായ വെല്ലിമ്മ.

ഒരിക്കലും കണ്ണെഴുതിയോ അത്തറ് പൂശിയോ കണ്ടിട്ടില്ലാത്ത, ഞങ്ങളെ പേടിപ്പിച്ച് ഭരിച്ചിരുന്ന ഉമ്മയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയായിരുന്നു വെല്ലിമ്മ. ഉമ്മയുടെ ഭാഷയില്‍.

കുന്നു കുലുങ്ങ്യലും  കുലുങ്ങാത്ത വെല്ലിമ്മ

അത് കേള്‍ക്കുമ്പോള്‍ കോന്തല കുലുക്കി ചിരിച്ചുകൊണ്ട് വെല്ലിമ്മ പറയും.

ഔള്‍കൗള ബാപ്പാന്റെ ദേസ്യാ. . . ബാപ്പാന്റെ കെറുവൂണ്ട്ട്ടാ

കുട്ടിക്കാലത്ത് ഞായറാഴ്ചകളില്‍ രാവിലെ തന്നെ ഉമ്മയുടെ വീട്ടിലേക്ക് പോകും. . . പാടവരമ്പത്തുകൂടി പത്ത് മിനിറ്റ് ഓടിയാല്‍ വീടെത്തി. ഉമ്മയുടെ അടുത്ത് നിന്നും അനുവദിച്ച് കിട്ടാത്തതെല്ലാം വെല്ലിമ്മയുടെ അടുത്ത് നിന്നും കിട്ടും. ഇഷ്ടംപോലെ പുളിയും പാല്‍പ്പൊടിയും കട്ട് തിന്നാം. വൈകുന്നേരം ദൂരദര്‍ശനില്‍ ഞായറാഴ്ച സിനിമ കാണാം. സിനിമ കഴിഞ്ഞ് മൗഗ്ലിയും കണ്ടാണ് മടക്കം. നിസ്‌ക്കാരപ്പായിലിരുന്ന് വെല്ലിമ്മയുണ്ടാകും സിനിമ കാണാന്‍.

മുറ്റത്ത് ഐസുകാരന്‍ ഹോണടിക്കുമ്പോള്‍ വെല്ലിമ്മ കോന്തലത്താക്കോലെടുത്ത് അലമാര തുറന്ന് ചില്ലറയെടുത്ത് തരും. പാലൈസും മുന്തിരി ഐസും തന്ന് അയാള്‍ പോകാന്‍ നേരം വെല്ലിമ്മ ചോദിക്കും

യൗടെ മോനെ അന്റെ രാജ്യം

ഇടക്കു വെല്ലിമ്മ ഞങ്ങളുടെ വീട്ടിലും വിരുന്നുപാര്‍ക്കാന്‍ വരാറുണ്ട്. ഉച്ചവെയിലാറുമ്പോള്‍ പാടവരമ്പത്ത് കൂടി കുടയും ചൂടി താളത്തില്‍ നടന്നുവരുന്നത് ദൂരെ നിന്നേ കാണാം. കയ്യിലൊരു ചെറിയ കടലാസുപൊതിയുണ്ടാകും. കടല മിഠായിയോ കേരാമിലക്കോ ഞങ്ങള്‍ കുട്ടികള്‍ക്കായി.

രാത്രി നടുമുറിയില്‍ വെല്ലിമ്മ കാലും നീട്ടിയിരിക്കും. . . ഞങ്ങളോരോരുത്തരായ് മടിയില്‍ വന്നുകിടക്കും. . . വെല്ലിമ്മയുടെ വിരലുകള്‍ തലയിലാകെ പരതി നടക്കും. തഞ്ചത്തില്‍, ഒട്ടും വേദനിപ്പിക്കാതെ മുഴുത്ത ഈരുകളെടുത്ത് ചെവിക്കടുത്ത് വെച്ച് പൊട്ടിക്കും, കൂടെ വെല്ലിമ്മയുടെ ശബ്ദവും.

സ് സ് സ് . . .

ആ കിടത്തത്തില്‍ കിടന്നങ്ങനെ അറിയാതെ സുഖകരമായ ഉറക്കത്തിലേക്കു വീണുപോകും. . . അപ്പോഴായിരിക്കും അടുത്തയാള്‍ കുലുക്കി വിളിക്കുന്നത്.

ണീക്ക്    ഞ്ഞി ഞാനാ ....

അപ്പോള്‍ ഉമ്മ അടുക്കളയില്‍ നിന്നും വിളിച്ചു പറയും

തൊടങ്ങ്യോ. . . ഹാര്‍മോണിയം വായന
ആ കുട്ട്യേള് പഠിച്ചോട്ടെമ്മാ. . .

വെല്ലിമ്മ ചിരിക്കും, കോന്തലക്കിലുക്കത്തിനൊപ്പം മടിയില്‍ കിടന്ന തലയും കുലുങ്ങും.

കുറച്ച് മുതിര്‍ന്നപ്പോള്‍ വെല്ലിമ്മയുടെ പഴയകാല കഥകള്‍ കേട്ടിരിക്കുക ഏറെ പ്രിയമായിരുന്നു. മക്കളാരും കേള്‍ക്കാത്ത കഥകള്‍ ഞങ്ങള്‍ കേള്‍ക്കുമായിരുന്നു.

ഉമ്മയും ബാപ്പയും വേര്‍പിരിഞ്ഞ്, ഉമ്മയെ രണ്ടാമത് വിവാഹം ചെയ്തയാളുടെ വീട്ടില്‍ വളര്‍ന്ന കുട്ടിക്കാലം. . . മാന്തളിര്‍ പോലെ നേര്‍ത്ത, കല്‍ക്കണ്ടം പോലെ വെളുത്ത സുന്ദരിയായ പെണ്‍കുട്ടി, ചെറുപ്രായത്തിലെ  വിവാഹിതയാകുന്നു. ഉമ്മയുടെ രണ്ടാം ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ ഒട്ടും അനുരൂപനല്ലാത്ത മകനായിരുന്നു വരന്‍. കൈകുഞ്ഞുമായി മാനസികയക്യമില്ലാതെ കഴിയവെ അയാള്‍ വേറൊരു സ്ത്രീയെ വിവാഹം ചെയ്യുന്നു. രണ്ടാം കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ കണ്ടുമുട്ടിയ സുമുഖനായ ചെറുപ്പക്കാരന്‍ തനിക്ക് മറ്റൊരു ജീവിതം വെച്ച് നീട്ടുന്നു. മുഴുഗര്‍ഭിണിയായിരിക്കെ മൂത്തമകന്‍ ബാലാരിഷ്ടതകളില്‍ മരണമടയുകയും ഭര്‍ത്താവുപേക്ഷിച്ച് പോവുകയും ചെയ്തു. ആ കയത്തില്‍ നിന്നും തന്നെ രക്ഷിച്ച് രണ്ടാം കുഞ്ഞിനെയടക്കം ജീവിതത്തിലേക്ക് കൈപിടിച്ച ആ ഇരുപത്തിമൂന്നുകാരന്‍ ഞങ്ങളുടെ വെല്ലിപ്പയായിരുന്നു. തന്റെ ആദ്യസന്താനമായി ആ കുട്ടിയെ ഓമനിച്ചു വളര്‍ത്തി വലുതാക്കി.

ഈ കഥ വല്ലിമ്മ പൂര്‍ത്തിയാക്കുമ്പോഴെല്ലാം ഒരു വീരപുരുഷനായി മാത്രമേ വല്ലുപ്പയെ കാണാന്‍ കഴിയുമായിരുന്നുള്ളൂ.

പക്ഷേ കാലമേറെ കഴിഞ്ഞ് വെല്ലിപ്പ വേറെ പെണ്ണ് കെട്ടിയതെന്തിനെന്ന ചോദ്യത്തിന് വെല്ലിമ്മക്ക് ഏറെ ഉത്തരമുണ്ടായിരുന്നില്ല.

ആരോടാ ചോയ്ക്ക്ണ് മോളേ. . . പിന്നെ ദീനിലങ്ങളനൊക്കെണ്ടല്ലാ ...

വെല്ലിപ്പയെ കുറിച്ചുള്ള കുട്ടിക്കാല ഓര്‍മ്മകളില്‍ ചില മിന്നല്‍ ചിത്രങ്ങൾ മാത്രമേയുള്ളു.  മറുനാട്ടുകാരനായ ഉപ്പയെ അറിയാത്തിടത്ത് ഉപയോഗിച്ചിരുന്ന അതു വരെ ഞങ്ങൾ കാണാത്ത "സെയ്ദുകാക്കാന്റെ" പേരക്കുട്ടിയാണ് ഓര്‍മ്മകളുടെ അങ്ങേതലക്കലുള്ളത്. പിന്നെ വെല്ലിപ്പാന്റെ മുറിയെന്നും പറഞ്ഞ് വീട്ടിലെ ഏറ്റവും നല്ല വസ്തുക്കള്‍ വെച്ചിരുന്ന, വൃത്തിയുള്ള, മിക്കപ്പോഴും പൂട്ടിക്കിടന്നിരുന്ന ഒരു വിശേഷാല്‍ കിടക്കമുറിയും. ആ വീട്ടിലെ നായകന്‍ വെല്ലിപ്പയായിരുന്നു. വില്ലനും.

ഒരിക്കല്‍ വെല്ലിപ്പ ഗള്‍ഫീന്ന് ഞങ്ങള്‍ക്കായി കൊടുത്തയച്ച പാവാടത്തുണിയും പാന്റ്തുണിയും കിടക്കുവരിയുമെല്ലാം ഉമ്മ വെല്ലിമ്മാന്റെ  കൈവശം തിരികെ കൊടുത്തയച്ചപ്പോള്‍ മുതല്‍ അവര്‍ തമ്മിലുള്ള ഇരുപ്പുവശം അത്ര ശരിയല്ലെന്നാണെന്റെ കുഞ്ഞുമനസ്സില്‍ തോന്നിത്തുടങ്ങിയിരുന്നു. കയ്യില്‍കിട്ടി തിരിച്ചെടുത്ത ഗള്‍ഫുമണക്കുന്ന ആ മിന്നുന്ന നീലപ്പാവാടത്തുണിയുടെ നഷ്ടബോധം ഏറെ നാളുണ്ടായിരുന്നു ഉള്ളില്‍.

ഗള്‍ഫീന്ന് കൊണ്ടുവന്നതൊന്നും വാങ്ങരുതെന്ന് ചട്ടംകെട്ടിച്ചാണ് വല്ലിപ്പയെ കാണാന്‍ പോകാന്‍ ഉമ്മ സമ്മതിച്ചത്. പെട്ടി  പൊളിക്കാൻ ഉമ്മയെ വെല്ലിമമ വിളിച്ചതാണ്. വെല്ലിപ്പ വിളിക്കാത്തത് കൊണ്ട് ഉമ്മ പോയില്ല. 

വെല്ലിപ്പയെ കാണുന്നതിലുപരി ഗൾഫു പെട്ടി കാണാന്‍ വേണ്ടിയാണ് ഞാനും ഇക്കയും സ്‌കൂള്‍ വിട്ടോടി പോയത്. വല്ലിപ്പ വരാന്‍ അക്ഷമരായി കാത്തിരിക്കുമ്പോള്‍ അമ്മായിയാണു പറഞ്ഞത്

എളീമാട്ക്ക് പോയതായിരിക്കും. . .

ആരാണീ എളീമ

പക്ഷേ ആരോടും ചോദിക്കരുത് എന്ന് അമ്മായി കണ്ണ്കാട്ടി. ഗള്‍ഫുമുട്ടായി തിന്നത് ഒളിപ്പിക്കാനൊരു കാര്യം കിട്ടിയതിന്റെ തിരക്കില്‍ 'എളീമ'യുടെ കാര്യം ഉമ്മയോട് ചോദിക്കാന്‍ പിന്നെ ഞങ്ങളും മറന്നു.

ചുറ്റുമതിലിനു മുകളിലൂടെ കണ്ട തല അടുത്തേക്ക് വരുംതോറും പരിഭ്രമമായിരുന്നു. എങ്ങിനെയായി ഈ ഗള്‍ഫുകാരന്‍ വെല്ലിപ്പ!!!

കറുത്ത പാന്റും വെളുത്ത ഹാഫ്‌കൈ ഷര്‍ട്ടും സ്വര്‍ണ്ണക്കണ്ണടയും വെച്ച് വെളുത്ത് തടിച്ച അതികായന്‍. പോയ വഴിയിലെല്ലാം അത്തര്‍മണം ബാക്കിയാകുന്ന ,ഉച്ചത്തില്‍ തിരക്കിട്ട് സംസാരിക്കുന്ന, ഉമ്മയുടെ മുഖഭാവങ്ങളുള്ള വെല്ലിപ്പ. തിളങ്ങുന്ന വലിയ വാച്ച്. ചൂണ്ടുവിരലില്‍ വലിയ ഇളംപച്ചക്കല്ല് കെട്ടിച്ച മോതിരം.

വെല്ലിപ്പമാര്‍ക്ക് ഇത്ര സ്റ്റൈലൊക്കെയുണ്ടാകുമോ!!!
യാതൊരു പൊലിമയും കാണിക്കാത്ത ഉപ്പയെന്ന എളിയ മനുഷ്യനെ ഉള്ളിലോര്‍ത്ത് ഇക്കാക്കയാണത് പറഞ്ഞത്.

ഉമ്മയും ഉപ്പയും അമ്മാവന്മാരും അമ്മായിമാരും എളേമ്മാരും വെല്ലിപ്പയുമായി അരങ്ങേറിയിരുന്ന അസംഖ്യം വഴക്കുകള്‍ക്കിടയിലും ഊമക്കത്തു വിവാദങ്ങള്‍ക്കിടയിലും കൗമാരമേറി വളര്‍ന്നു ഞങ്ങള്‍ കുട്ടികള്‍.

വെല്ലിപ്പാന്റെ പണവും പ്രതാപവും കുറഞ്ഞ് വന്ന നാളുകളില്‍ കാര്യങ്ങള്‍ കൂടുതല്‍ കടുത്തുകൊണ്ടിരുന്നു. ഇടക്കിടെ മുറപോലെ സംഘടിപ്പിക്കപ്പെട്ടിരുന്ന 'തെറ്റുതീര്‍ക്കല്‍ പഞ്ചായത്തിനും' വെല്ലിപ്പയുടെ 'കൂട്ടപ്പിടിച്ച് കരച്ചിലിനും' ശേഷവും അതിലും വലിയ പുതിയ തെറ്റ് ബോംബുകള്‍ കുമിഞ്ഞുകൊണ്ടിരുന്നു. ഇടക്ക് കുഞ്ഞിമോളെ പേരും കുറ്റപ്പെടുത്തലുകളില്‍ ഉയര്‍ന്നു കേള്‍ക്കുമെങ്കിലും വെല്ലിമ്മാക്ക് കൂടുതലൊന്നും പറയാനുണ്ടാവില്ല.

ഇങ്ങളെ ബാപ്പക്കേ. . . മൂക്കത്താ ദേസ്യം

കാലങ്ങളോളം വെല്ലിമ്മയെ കാണാന്‍ വരാതിരുന്നിട്ടും വെല്ലിമ്മ പറയും.

ഇങ്ങളെ തന്തല്ലേ പോന്നാരേ. . .

ഇങ്ങക്ക് പോയി കണ്ട് വന്നൂടെ. . .

ചിറീത്തന്നല്ലേ . . . പ്പം ദുബായിലൊന്നല്ലല്ലാ. . .

താമസിയാതെ വെല്ലിപ്പ എളീമയുടെ മാത്രം ഭര്‍ത്താവായി മാറി. പത്തുമുപ്പത് വര്‍ഷം ജീവിച്ച വീട്ടില്‍ നിന്നും വെല്ലിമ്മയും മക്കളും കുടിയൊഴിക്കപ്പെട്ടു. മറ്റൊരു നാട്ടില്‍ വീടുവെച്ച് കുറഞ്ഞ സുഖസൗകര്യങ്ങളോടെ ജീവിതം പുനരാരംഭിച്ചു. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടപ്പോള്‍ ഇരുവരും പടുവൃദ്ധരായി.

കിടപ്പിലായ വെല്ലിപ്പയെ  കണ്ടുവന്നപ്പോള്‍ വെല്ലിമ്മ മെല്ലെ ചോദിച്ചു

എന്ത്യേടി പറഞ്ഞത് വെല്ലിപ്പ

ന്റെ കുഞ്ഞിമോള്‍ക്ക് സുഖല്ലേന്ന് ചോദിച്ചു

പൊയ്ക്ക പെണ്ണേ ജ്ജ്യവ്ട്ന്ന്

കയ്യോങ്ങിക്കൊണ്ട് വെല്ലിമ്മ ചിരിച്ചു

സത്യം പറ വെല്ലിമ്മാ. . . ങ്ങക്ക് വെല്ലിപ്പാനെ ഒന്നൂടി കാണാന്‍ പൂതിണ്ടാ. . . വാട്‌സപ്പില്‍ വന്ന വെല്ലിപ്പാന്റെ പടം കാണിക്കുമ്പോള്‍ ചോദിച്ചു. ഇത്തവണ വെല്ലിമ്മ ഒഴിഞ്ഞു മാറിയില്ല. ഫോട്ടോയില്‍ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

ന്തൊക്കൊയാലും ന്‍രെ മക്കളെ തന്തല്ലെടി. . .
കാണാമ്പൂതില്ല്യാണ്ടിരിക്ക്വോ. . .

കാര്യം തീര്‍ത്തെ ആണും പെണ്ണും കാണാമ്പാട്ല്ല്യ മോളെ. . .
ഞ്ഞി മരിച്ച് ചെന്ന്ട്ട് കാണാം.

അത്രയും കേട്ടാല്‍ മതിയായിരുന്നു. വേഗം സമീറിനെ വിളിച്ചു. പാതി അമ്മാവന്‍. വെല്ലിപ്പാന്റെ ഏറ്റവും ചെറിയ മകന്‍. ഞങ്ങള്‍ സമപ്രായക്കാര്‍. അവനും വലിയ താല്പര്യം കാണിച്ചു. വെല്ലിപ്പാനോട് ചോദിച്ചു പറയാമെന്നേറ്റു.

ഉമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.

എന്തിനുള്ള പൊറപ്പാടാ മോളെ . . .

വാര്‍ദ്ധക്യക്ലേശതകള്‍ അങ്ങേയറ്റം അനുഭവിക്കുന്ന രണ്ടാത്മാക്കള്‍. അവസാന ആഗ്രഹമെന്നോണം, അന്യസ്ത്രീപുരുഷന്മാര്‍ പരസ്പരം കാണുന്ന പോലെ ഒന്നു കണ്ടാലെന്താ? മനസ്സില്‍ വന്നത് മുഴുവന്‍ ഉമ്മയോട് പറഞ്ഞില്ല.

അവരൊരിക്കലും സമ്മതിക്കാന്‍ പോവുന്നില്ലെന്ന ഉമ്മയുടെ പ്രവചനം അച്ചട്ടായി. വെല്ലിപ്പയുടെ പ്രതികരണം ഞങ്ങളെ നിരാശരാക്കി. സമീറിനെ ശകാരിച്ചു പറഞ്ഞത്രേ

ഇന്‍കാരീം കാണണ്ടാന്ന് പോയി പറഞ്ഞാള്

ആരോടും ഒന്നും പറഞ്ഞില്ല, ശ്രമവും ഉപേക്ഷിച്ചില്ല. ജീവിതത്തില്‍ ചില സമയങ്ങളിലെങ്കിലും വേണമെന്നുള്ളപ്പോള്‍ നാം 'വേണ്ട'  എന്ന് പറയേണ്ടി വരാരുണ്ടല്ലോ. . . അതും വെല്ലിപ്പയെപ്പോലെ അഭിമാനിയായ ഒരാള്‍.

അടുത്ത ദിവസം വീട്ടിലുള്ളവരെല്ലാം കല്ല്യാണത്തിനു പോയെന്നും പറഞ്ഞ് സമീര്‍ വിളിച്ചു. നട്ടുച്ചനേരത്ത് കാറെടുത്ത് വെല്ലിമ്മയെയും കൂട്ടി പുറപ്പെട്ടു. വീടെത്താറായപ്പോള്‍ ഇനിയൊരിക്കലും ഈ വീട്ടിലേക്ക് തിരിച്ച് വരില്ലെന്നു വിജാരിച്ചെന്ന് പറഞ്ഞ് വെല്ലിമ്മ ഗദ്ഗദപ്പെട്ടു.

മുറ്റത്തിറങ്ങിയ വെല്ലിമ്മയെ സമീര്‍ എടുത്ത് പൊക്കിയാണ് പടികള്‍ കയറ്റിയത്. വെല്ലിപ്പയുടെ കിടക്കമുറിക്കരികിലെത്തിയപ്പോള്‍ ഞാനും സമീറും അറിയാതെ നിശ്ചലരായി. യാതൊരു മടിയും കൂടാതെ വെല്ലിമ്മ മുറിയില്‍ പ്രവേശിച്ചു. തിരസ്‌കാരമാണുണ്ടാവുകയെങ്കില്‍ പൂപോലെടുത്ത് കൊണ്ടുപോകണം. ഞാന്‍ തയ്യാറായി നിന്നു.

ഫാന്‍ കറങ്ങുന്നതിനിടെ വെല്ലിമ്മയുടെ വാക്കറിന്റെ ശബ്ദം മാത്രം പ്രകടമായി കേള്‍ക്കാം.

ടക്. . . ടക്. . . ടക്. . . അല്‍പം നിശബ്ദത

കുഞ്ഞിമോളേ. . .

അത്യന്തം ആര്‍ദ്രമായ ആ വിളിയുടെ സൗകുമാര്യതയില്‍ ഞങ്ങള്‍ രണ്ടുപേരും ഞൊടിയിടയില്‍ മുറിയിലേക്ക് നോക്കി. പ്രതീക്ഷിച്ച കാഴ്ച തന്നെ. ഒരു കാലത്ത് ആണ്‍പെണ്‍ സൗന്ദര്യത്തിന്‍രെ മാതൃകാബിംബങ്ങളായിരുന്ന രണ്ട് പേര്‍. പോയ കാലത്തിന്റെ ശേഷിപ്പുകള്‍ കണ്ണുകളില്‍ മാത്രം അവശേഷിപ്പിക്കുന്ന രണ്ട് ആത്മാക്കള്‍. . .

വെല്ലിപ്പ കൈകളുയര്‍ത്തി അനിര്‍വാജ്യമായ ഭാവങ്ങളോടെ വെല്ലിമ്മയെ നോക്കുന്നു.

തനിക്ക് നേരെ നീട്ടിയ കരങ്ങളെ ഗ്രഹിക്കാന്‍ മടിച്ച് നിശ്ചലയായി നില്‍ക്കുന്ന വെല്ലിമ്മ.

തൊടാന്‍ പാടില്ലല്ലോ . . .

ഒരായിരം സുഭഗങ്ങളായ ഓര്‍മ്മകള്‍ ആ മുറിയില്‍ തുടിച്ചു നിന്നുപൂട്ടിക്കിടന്നിരുന്!!

മാധ്യമം കുടുംബം ഫെബ്രുവരി 2018