News

Shi M Venkaiah Naidu, Hon’ble Vice President of India Concludes the RUA & Arabic College Platinum Jubilee Celebrations on 17 Feb 2018

വിദ്യാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യം ജ്ഞാന സമ്പാദനവും സ്ത്രീശാക്തീകരണവും.: ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു

RUA Platinum Jubilee - Valedictory Function - Vice President Addresses - 17 Feb 2018റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണു. ഹാജി എ.പി. ബാവ കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടന്ന സമാപന പരിപാടി ഫെബ്രുവരി 17, ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഉന്നത നിലവാരത്തില്‍ മൂല്യാധിഷ്ടിതമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 75 വര്‍ഷത്തോളമായി നടന്നു വരുന്നു എന്നത് ഒരു ചെറിയകാര്യമല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥാപനത്തിന്റെ മാനേജ്‌മെന്റിനേയും അധ്യാപകരേയും വിദ്യാര്‍ത്ഥികളെയും അദ്ദേഹം അഭിനന്ദനം അറിയിച്ചു. ഒരു പുരുഷനെ നിങ്ങള്‍ വിദ്യ അഭ്യസിപ്പിച്ചാല്‍ അതുകൊണ്ട് ആ വ്യക്തിക്ക് വിദ്യാഭ്യാസം ലഭിക്കും. എന്നാല്‍ ഒരു സ്ത്രീക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ അതിന്റെ ഗുണം ഒരു കുടുംബത്തിന് മുഴുവനായും ലഭിക്കുമെന്നും റൗസത്തുല്‍ ഉലൂം അസോസിയേഷനു കീഴില്‍ വിദ്യ അഭ്യസിക്കുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ് എന്നത് ഏറെ മതിപ്പുളവാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കേവലം ജോലി സമ്പാദനം മാത്രമല്ല. ജ്ഞാന സമ്പാദനംകൂടിയാണ്. സ്ത്രീശാക്തീകരണമാണ്. അറിവുള്ള പെണ്‍കുട്ടിക്കുമാത്രമേ അവളുടെ ഭാവി ആസൂത്രണം ചെയ്യാനും അവളുടെ കുടുംബത്തെ നോക്കിവളര്‍ത്താനും സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റു സ്ഥലങ്ങളില്‍ നിന്നും വിദ്യതേടി നമ്മുടെ രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. വിദേശികളുടെ അധിനേവഷത്തോടുകൂടി ഇന്ന് നമ്മള്‍ ഒരുപാട് പിന്നിലായി. മുന്നോട്ട് പോകാനുള്ള നമ്മുടെ ശ്രമത്തില്‍ സര്‍ക്കാറിന് മാത്രമായി ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. രാജ്യത്തിന്റെ പുരോഗതിയില്‍ വ്യക്തികള്‍ക്കും പങ്കുവഹിക്കാനാകും. പൊതുമേഖലയും സ്വകാര്യമേഖലയും കൈകോര്‍ത്തുപിടിച്ച് മുന്നേറണ്ടത് അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്. സ്വകാര്യമേഖലക്കും രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ വിജയകരമായി പങ്കാളികളാകാന്‍ കഴിയുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഫാറൂഖ് കോളേജ് എന്നും അദ്ദേഹം പറഞ്ഞു.

ഈ മഹത്തായ സ്ഥാപനത്തില്‍ നിന്നും വിദ്യ അഭ്യസിച്ച ഓരോ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ എങ്കിലും ഏറ്റെടുത്ത് ഈ സ്ഥാപനത്തിലൂടെ തന്നെ ശരിയായ വിദ്യാഭ്യാസം നല്‍കിയാല്‍ അത് മഹത്തായ സാമൂഹ്യ സേവനമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീറിന്റെയും ഡോക്യുമെന്റെറിയുടെയും പ്രകാശനം ഉപരാഷ്ട്രപതി നിര്‍വ്വഹിച്ചു.

RUA Platinum Jubilee - Valedictory Function - 17 Feb 2018 - PK Ahamed Welcomes Gatheringഫാറൂഖ് കോളേജ് മാനേജിംങ് കമ്മിറ്റി പ്രസിഡണ്ട് പി.കെ അഹമ്മദ് സ്വാഗതം ആശംസിച്ചു. റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ പ്രസിഡണ്ട് കെ.വി. കുഞ്ഞഹമ്മദ് കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി., തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി.ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. എ.കുട്ട്യാലികുട്ടി, കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍ എം.പി., ബേപ്പൂര്‍ നിയോജക മണ്ഡലം എം.എല്‍.എ. വി.കെ.സി. മമ്മദ് കോയ, റൗസത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. മുസ്തഫ ഫാറൂഖി, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഫാറൂഖ് കോളേജ് മാനേജര്‍ സി.പി. കുഞ്ഞിമുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.